“സ്ത്രീയായത് കൊണ്ട് എന്തും പറയാമെന്നുള്ള ആണധികാരത്തിന്റെ ഹുങ്ക് യുഡിഎഫിന്റെ സൈബർ ക്രിമിനലുകൾ കൈയ്യിൽ വച്ചാൽ മതി” : മേയർ ആര്യ രാജേന്ദ്രൻ

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ടീച്ചറിന് നേരെയുള്ള സൈബർ ആക്രമണത്തിൽ ശക്തമായ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഫേസ്ബുക്ക് കുറിപ്പിലാണ് മേയർ യുഡിഎഫ് നടത്തുന്ന സൈബർ ആക്രമണത്തിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചത്. “സ്ത്രീയായത് കൊണ്ട് എന്തും പറയാമെന്നുള്ള ആണധികാരത്തിന്റെ ഹുങ്ക് യുഡിഎഫിന്റെ സൈബർ ക്രിമിനലുകൾ കൈയ്യിൽ വച്ചാൽ മതിയെന്നും ആ പരിപ്പ് ഇവിടെ വേവില്ല എന്ന് വടകരയും കേരളവും നിങ്ങളെ പഠിപ്പിക്കുക തന്നെ ചെയ്യുമെന്നും മേയർ പറഞ്ഞു.

മേയർ ആയത് മുതൽ തുടർച്ചയായി ബിജെപി – കോൺഗ്രസ്സ് സൈബർ സംഘത്തിന്റെ ആക്രമണങ്ങൾക്ക് ഇരയാകുന്ന ആളാണ് തലസ്ഥാനത്തിന്റെ മേയർ ആര്യ രാജേന്ദ്രൻ. എന്നാൽ ഒരാക്രമണത്തിന് മുന്നിലും കുലുങ്ങാത്ത ആര്യയുടെ നിലപാടുകൾ ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് തന്നെ ആര്യയുടെ പ്രതികരണത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. കെ മുരളീധരൻ ഒരിക്കൽ മേയർക്ക് എതിരെ നടത്തിയ പരിഹാസത്തിന് പദ്മജ ബിജെപിയിൽ ചേർന്ന ദിവസം മേയർ തിരിച്ച് മറുപടി പറഞ്ഞത് വാർത്തയായിരുന്നു. കെകെ ശൈലജ ടീച്ചറിന് നേരെയുള്ള ആക്രമണത്തിൽ വിവിധ മേഖലകളിലുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തുകയാണ്.

ആര്യ രാജേന്ദ്രന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം :

വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി സ: കെ കെ ശൈലജ ടീച്ചറിന് നേരെ നടക്കുന്ന സൈബർ ആക്രമണം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കക്ഷിരാഷ്ട്രീയ ഭേദമെന്യ കേരളമാകെ സ്നേഹിക്കുന്ന ടീച്ചറിനെ അങ്ങേയറ്റം ഹീനമായ ഭാഷയിൽ അധിഷേപിക്കുന്ന പോസ്റ്റുകളും കമന്റുകളും യുഡിഎഫ് അണികളുടെ ഭാഗത്ത് നിന്ന് വരുന്നത് നേതൃത്വത്തിന്റെ അറിവോടുകൂടിയാണ്. ഈ ആക്രമണത്തെ ഈ നിമിഷം വരെ തള്ളിപ്പറയാൻ വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും തയ്യാറായിട്ടില്ല. ആശയം കൊണ്ടോ രാഷ്ട്രീയം കൊണ്ടോ നേരിടാനുള്ള നട്ടെല്ല് ഇല്ലാതാകുമ്പോഴാണ് ഇത്തരത്തിൽ വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് തിരിയുക. യുഡിഎഫിന്റെ രാഷ്ട്രീയ സംസ്കാരമാണ് കമന്റുകളിൽ കാണുന്നത്. സ്ത്രീയായത് കൊണ്ട് എന്തും പറയാമെന്നുള്ള ആണധികാരത്തിന്റെ ഹുങ്ക് യുഡിഎഫിന്റെ സൈബർ ക്രിമിനലുകൾ കൈയ്യിൽ വച്ചാൽ മതി. ആ പരിപ്പ് ഇവിടെ വേവില്ല എന്ന് വടകരയും കേരളവും നിങ്ങളെ പഠിപ്പിക്കുക തന്നെ ചെയ്യും. കേരളം ഒറ്റകെട്ടായി ടീച്ചർക്കൊപ്പം അണിനിരക്കും.

 

https://www.facebook.com/share/p/xSKuFD7U5geTyaXB/?mibextid=WC7FNe

Comments
Spread the News