ഗവർണറോട് ഒരു വിട്ടുവീഴ്ചയുമില്ല ; സിപിഎം നിലപാട് കടുപ്പിക്കുന്നു

കേരളത്തിലെ എൽഡിഎഫ് ഭരണം അട്ടിമറിക്കാൻ ബിജെപിയുടെ കോടാലിയായി നിൽക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ടെന്ന് സിപിഎം. പ്രതിപക്ഷ പാർടികളുടെ നേതൃത്വത്തിലുള്ള മറ്റു സംസ്ഥാന സർക്കാരുകളിലും സമാനമായ സ്ഥിതിവിശേഷം നിലനിൽക്കുന്നുണ്ട്. കേന്ദ്രസർക്കാരിനും ബിജെപിയ്ക്കും വേണ്ടി അവിടെയും പടനയിക്കുന്നത് ഗവർണർമാരാണ്. ഈ പാർടികളെയും ഏകോപിപ്പിച്ച് രാജ്യവ്യാപകമായ കാമ്പയിനിലേയ്ക്ക് പോകുന്നതിനെക്കുറിച്ചാണ് പാർടി ആലോചിക്കുന്നത്.

ആരിഫ് മുഹമ്മദ് ഖാനോട് ഒരുതരത്തിലുള്ള സമവായവുമില്ലെന്ന് പാർടി നേരത്തെ വ്യക്തമാക്കിയിരുന്നു. നവംബർ പതിനഞ്ചിന് വിപുലമായ പ്രക്ഷോഭമാണ് രാജ്ഭവനു മുന്നിൽ ഇടതുമുന്നണി സംഘടിപ്പിക്കുന്നത്. സിപിഎം മാത്രം ഒരുലക്ഷം പേരെ അണി നിരത്താനാണ് തീരുമാനിച്ചിട്ടുള്ളത്.

ഭരണഘടനപരമായ അധികാര പരിധി ലംഘിച്ചുള്ള ഏതു തരം ഇടപെടലുകളെയും ചെറുക്കാൻ കേരളത്തിലെ ഇടതുമുന്നണി സർക്കാരിന് സിപിഎം കേന്ദ്രനേതൃത്വത്തിൻ്റെ പൂർണ പിന്തുണയുണ്ട്. കോടതിയ്ക്കുള്ളിലും പുറത്തും ഏതറ്റം വരെയും പോകുമെന്ന സന്ദേശം ഇതിനോടകം പാർടിയും സർക്കാരും നൽകിക്കഴിഞ്ഞു.

ധനമന്ത്രിയിലുള്ള പ്രീതി നഷ്ടപ്പെട്ടു എന്നു കത്തെഴുതിയതിന് സമാനമായ നീക്കങ്ങൾ ഗവർണറിൽ നിന്ന് പാർടിയും സർക്കാരും പ്രതീക്ഷിക്കുന്നുണ്ട്. മന്ത്രിമാരായ വി. ശിവൻ കുട്ടി, ആർ. ബിന്ദു എന്നിവരും ഗവർണറുടെ ഹിറ്റ്ലിസ്റ്റിലുണ്ട്. എന്നാൽ ഇത്തരം ഒരു നീക്കവും വകവെയ്ക്കില്ല എന്ന് മുഖ്യമന്ത്രി തന്നെ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ബിജെപി വിരുദ്ധ പോരാട്ടത്തിന് രാജ്യത്തിനാകെ ആവേശം പകരുന്ന തരത്തിൽ ഈ പ്രശ്നം കൈകാര്യം ചെയ്യാനൊരുങ്ങുകയാണ് സിപിഎമ്മും മറ്റ് ഇടതുപക്ഷ പാർടികളും. ആർഎസ്എസ് കോടാലി കൈയ്യായി പ്രവർത്തിക്കുന്ന ഗവർണറുമായി ചർച്ച നടത്താൻ പോലും തയ്യാറാകേണ്ടതില്ല എന്നാണ് സിപിഎം നിലപാട്.

Comments
Spread the News