നെട്ടയം ആർക്കൊപ്പം ?

തിരുവനന്തപുരം നഗരസഭയിലെ നെട്ടയം വാർഡ് ശ്രദ്ധേയമാവുകയാണ്. സ്ഥാനാർത്ഥികൾ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിലേക്ക് എത്തിയതോടെ മത്സരം തീപാറുകയാണ്. എൽഡിഎഫിന് വേണ്ടി മത്സരിക്കുന്നത് സിറ്റിംഗ് കൗൺസിലർ ആയ രാജിമോൾ തന്നെയാണ്. ബിജെപിയിലെ നന്ദഭാർഗവ് ആണ് എതിർസ്ഥാനാർഥി. യുഡിഎഫിന്റെ ഷിബുകുമാറും രംഗത്തുണ്ട്.

കഴിഞ്ഞ അഞ്ചു വർഷം നടത്തിയ വികസന പ്രവർത്തനങ്ങൾ എണ്ണി പറഞ്ഞാണ് രാജിമോൾ വോട്ട് തേടുന്നത്. അദ്ധ്യാപിക കൂടിയായ രാജിമോൾക്ക് പൊതുവിൽ വലിയ സ്വീകാര്യതയാണ് വാർഡിലുള്ളത്. രാഷ്ട്രീയത്തിനുപരിയായി എല്ലാ വിഭാഗങ്ങൾക്കിടയിലും പ്രവർത്തിക്കാൻ സാധിച്ചതിന്റെ അനുഭവങ്ങളുമായാണ് രണ്ടാം ഊഴത്തിനായി രാജിമോൾ ഇറങ്ങുന്നത്. അഴിമതിരഹിതമായ അഞ്ചു വർഷക്കാലമെന്ന പ്രധാന പ്രചരണമാണ് എൽഡിഎഫ് മുന്നോട്ട് വയ്ക്കുന്നതും. അതിന് തെളിവായി അവർ രാജിമോളുടെ നാമനിർദ്ദേശ പത്രികയ്‌ക്കൊപ്പമുള്ള സ്വത്തുവിവരക്കണക്കാണ് പറയുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സമർപ്പിച്ചതിൽ നിന്ന് കാര്യമായ ഒരു വർദ്ധനയും രാജിമോളുടെ സമ്പത്തിൽ ഉണ്ടായിട്ടില്ല. മധ്യവർഗ്ഗത്തിനിടയിൽ ഈ കാര്യങ്ങൾ വലിയ അംഗീകാരമായി മാറിയിട്ടുണ്ട്. ജനറൽ സീറ്റായിട്ടും രാജിമോൾക്ക് വീണ്ടും അവസരം നൽകി എൽഡിഎഫ് സ്ത്രീശാക്തീകരണം വെറും വാക്കല്ല എന്ന് തെളിയിക്കുകയാണ്.

അതേസമയം യുഡിഎഫ് സ്ഥാനാർത്ഥിയാകട്ടെ പ്രചാരണ രംഗത്ത് തന്നെയില്ല എന്നതാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്. കോൺഗ്രസ്സിലെ ഒരു വിഭാഗം കാല് വാരിയേക്കുമെന്ന സൂചനകളുമുണ്ട്. സ്വത്തിന്റെ കാര്യത്തിൽ തലസ്ഥാനത്ത് മത്സരിക്കുന്ന ഏറ്റവും സമ്പന്നനുമാണ് നെട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി. രണ്ടരക്കോടിയുടെ ആസ്തിയാണ് വെളിപ്പെടുത്തിയിട്ടുള്ളത്.
ബിജെപിയുടെ നന്ദഭാർഗ്ഗവാകട്ടെ തന്റെ നാമനിർദ്ദേശ പത്രികയിൽ വെളിപ്പെടുത്തിയ വിവരങ്ങൾ വച്ച് ഒട്ടേറെ ക്രിമിനൽ കേസുകളിലെ പ്രതിയുമാണ്. ഗുണ്ടാ ആക്ട് ബാധകമാകാൻ ഒരു കേസ് കൂടി മതിയാകും എന്നതാണ് വസ്തുത. വർഗീയ വേർതിരിവുണ്ടാക്കാനും, കലാപം ഉണ്ടാക്കാനും ശ്രമിച്ചതടക്കമുള്ള ആരോപണങ്ങൾ നേരിടുന്നുണ്ട്. ഒരു പ്രത്യേക വിഭാഗത്തെ നിരന്തരം അപമാനിക്കാൻ ശ്രമിക്കുന്നു എന്ന ഗൗരവതരമായ ആരോപണം ജനങ്ങളിൽ നിന്ന് ഉണ്ടാകുന്നുണ്ട്.

സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നല്ലപെരുമാൾ ആണ് മറ്റൊരു സ്ഥാനാർഥി. സിപിഎം സീറ്റ് നൽകാത്തതിനെ തുടർന്നാണ് നല്ലപെരുമാൾ റിബൽ സ്ഥാനാർത്ഥിയായത്. മണൽമാഫിയയുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന സിപിഎം നേതൃത്വത്തിന്റെ ആവർത്തിച്ചുള്ള നിർദ്ദേശം അവഗണിച്ചതിനെ തുടർന്ന് പാർട്ടിയുമായി വളരെ നാളായി ഇടഞ്ഞ് നിൽക്കുകയായിരുന്നു നല്ലപെരുമാൾ. പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള നടപടികൾ നടക്കവേ ആണ് തിരഞ്ഞെടുപ്പ് വരുന്നത്, തുടർന്ന് പാർട്ടി നടപടികൾ വേഗത്തിലാക്കി നല്ലപെരുമാളിനെ പാർട്ടി അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു. ബിജെപികാരനായ മണൽമാഫിയ നേതാവുമായുള്ള കൂട്ടുകച്ചവടമാണ് നല്ലപെരുമാളിന് വിനയാകുന്നത്. കഴിഞ്ഞ ദിവസം രണ്ട് ബൂത്തിലെ വോട്ട് മതി തനിക്ക് ജയിക്കാൻ എന്ന വെല്ലുവിളിയും ഇദ്ദേഹം പരസ്യമായി ഉയർത്തിയതായി പറയപ്പെടുന്നു.

എന്തായാലും നെട്ടയത്ത് ആര് വിജയിക്കണമെന്നത് ജനങ്ങളുടെ തീരുമാനമാണ്.

Comments
Spread the News