തിരുവനന്തപുരം മെട്രോ റെയിലിന് വേഗമേറുന്നു ; ഡിപിആർ ജനുവരിയോടെ

കൊച്ചി മെട്രോ മാതൃകയിൽ തിരുവനന്തപുരത്തും മെട്രോ ട്രെയിൻ സർവീസ് നടപ്പാക്കുന്നതിനുള്ള സാധ്യത തേടുന്നു. ഇതുസംബന്ധിച്ച വിശദമായ പദ്ധതി റിപ്പോർട്ട് ജനുവരിയോടെ സമർപ്പിക്കാൻ ഡൽഹി മെട്രോ റെയിൽ കോർപറേഷനെ ചുമതലപ്പെടുത്തി. പദ്ധതിയുടെ നിർവഹണ ഏജൻസിയായ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) 3 മാസത്തിനുള്ളിൽ പുതിയ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാൻ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ (ഡിഎംആർസി) ചുമതലപ്പെടുത്തിയിട്ടുണ്ട്. അന്തിമ അനുമതിക്കായി സംസ്ഥാന സർക്കാരിനും പിന്നീട് കേന്ദ്രത്തിനും സമർപ്പിക്കുന്ന ഡിപിആർ കെഎംആർഎൽ സൂക്ഷ്മമായി പരിശോധിക്കും. നേരത്തെ 2018ൽ തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ പദ്ധതിക്കുള്ള ഡിപിആർ സമർപ്പിച്ചിരുന്നു. എന്നാൽ അതിനുശേഷം നഗരത്തിലുണ്ടായ വികസന പദ്ധതികളുടെ അടിസ്ഥാനത്തിൽ ഡിപിആർ പരിഷ്ക്കരിക്കാനാണ് നിർദേശം നൽകിയിട്ടുള്ളത്.

തിരുവനന്തപുരത്ത് മെട്രോ നടപ്പാക്കുന്നത് സംബന്ധിച്ച് ഇക്കഴിഞ്ഞ ഓഗസ്റ്റിൽ കോംപ്രിഹെൻസീവ് മൊബിലിറ്റി പ്ലാൻ (സിഎംപി) മുഖേന AAR പൂർത്തിയാക്കി കെഎംആർഎലിന് സമർപ്പിച്ചു. ഡിപിആർ അലൈൻമെന്റ് രൂപരേഖ തയ്യാറാക്കുകയും നിർദ്ദിഷ്ട മെട്രോ റെയിലിന്റെ മാതൃക അന്തിമമാക്കുകയും ചെയ്യും.

സിഎംപി അനുസരിച്ച്, ആദ്യഘട്ടം പള്ളിപ്പുറം മുതൽ പള്ളിച്ചൽ വരെയും, രണ്ടാം ഘട്ടത്തിൽ പള്ളിച്ചൽ മുതൽ നെയ്യാറ്റിൻകര വരെയുമാണ് മെട്രോ റെയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. അലൈൻമെന്റിൽ എൻഎച്ച് ബൈപാസും ഉൾപ്പെടുന്നു. ഭാവിയിലെ ഗതാഗത ആവശ്യങ്ങൾ കണക്കിലെടുത്ത് ഒന്നാം ഘട്ടം ആറ്റിങ്ങലിലേക്ക് നീട്ടുമെന്നും റിപ്പോർട്ടുകളുണ്ട്. രണ്ടാം ഘട്ടം വിഴിഞ്ഞം വരെ നീട്ടണമെന്ന നിർദേശവുമുണ്ട്.

ടെക്‌നോസിറ്റി (പള്ളിപ്പുറം) മുതൽ കരമന, നേമം വഴി പള്ളിച്ചൽ വരെ നീളുന്ന 27.4 കിലോമീറ്ററാണ് ആദ്യ ഘട്ടത്തിൽ നിർമിക്കുക. അടുത്തത് കഴക്കൂട്ടം മുതൽ ഈഞ്ചക്കൽ വഴി കിള്ളിപ്പാലം വരെ 14.7 കി.മീ. ഇത് NH66 ബൈപാസിനെ ആശ്രയിക്കുന്ന യാത്രക്കാരുടെ ഗതാഗത ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുമെന്നും വിലയിരുത്തുന്നു. പള്ളിച്ചൽ മുതൽ നെയ്യാറ്റിൻകര വരെ (11.1 കിലോമീറ്റർ), ടെക്‌നോസിറ്റി മുതൽ മംഗലപുരം വരെ (3.7 കിലോമീറ്റർ), ഈഞ്ചക്കൽ മുതൽ വിഴിഞ്ഞം വരെ (14.7 കിലോമീറ്റർ) എന്നിവയാണ് ഘട്ടം-2 ലെ മറ്റ് പദ്ധതികൾ.

Comments
Spread the News