ഐടിയില്‍ കുതിപ്പ്; കേരളത്തിലേക്ക് കൂടുതല്‍ കമ്പനികളെത്തി

മഹാമാരിയിലും ലോകോത്തര ഐടി കമ്പനികളെ ആകർഷിച്ച്‌ കേരളം.  ഒന്നാംതരംഗത്തിൽ ടെക്‌നോപാർക്കിൽനിന്ന്‌ കമ്പനികൾ ഒഴിഞ്ഞിടത്ത്‌ 45 പുതിയ സ്ഥാപനമെത്തി. പാർക്ക്‌ ഒന്നിലും മൂന്നിലുമായി 305 കമ്പനി ‘ക്യൂ’ വിലാണ്‌. ലോകോത്തര കമ്പനികളും സ്റ്റാർട്ടപ്പുകളും ഇതിലുണ്ട്‌. കൊച്ചിയിലും തിരുവനന്തപുരത്തും വികസന കേന്ദ്രങ്ങൾ തുടങ്ങാനായി വൻകിട ഐടി കമ്പനികൾ നിയമനം തുടങ്ങി.

ഇന്ത്യയിലെ രണ്ടാംനിര നഗരങ്ങളുടെ വളർച്ചാസാധ്യത പട്ടികയിൽ തിരുവനന്തപുരവും കൊച്ചിയും മുന്നിലാണെന്ന്‌ ഗ്ലോബൽ കൺസൾറ്റന്റ്‌ റിപ്പോർട്ടിൽ (എഎൻഎസ്‌ആർ) പറയുന്നു‌. മഹാമാരിക്കാലത്തും ഭീമമായ തകർച്ച നേരിടാതെ പിടിച്ചുനിന്നതും‌ നേട്ടമായി.

ഐബിഎം കേരളത്തിൽ

ആദ്യമായെത്തിയ ഐബിഎം ഗ്രൂപ്പ്‌ കൊച്ചിയിൽ നിയമനം തുടങ്ങി. തിരുവനന്തപുരത്ത്‌ ഉടൻ തുടങ്ങും. ബിഗ്‌ ഡാറ്റാ, നിർമിത ബുദ്ധി മേഖലകളിൽ പ്രവർത്തിക്കുന്ന അമേരിക്കൻ കമ്പനി അജിലൈറ്റ്‌ ഗ്രൂപ്പും എത്തി. 500 പേരെ ഈ വർഷം നിയമിക്കും. നിസാൻ ഡിജിറ്റൽ, ഏൺസ്‌റ്റ്‌ ആൻഡ്‌ യങ്‌‌ (ഇവൈ), ഇൻഫോസിസ്‌, ടിസിഎസ്‌, യുഎസ്‌ടി തുടങ്ങിയ കമ്പനികൾ കൂടുതൽ വികസനത്തിന്‌ തയ്യാറെടുക്കുന്നു. ടെക്‌നോപാർക്ക്‌ എഫ്‌ബി പേജിൽ നിരന്തരം നിയമന അറിയിപ്പുകൾ.

Comments
Spread the News