കരമന മുതൽ പ്രാവച്ചമ്പലം വരെ ഇനി തെരുവ് വിളക്കുകളാൽ പ്രകാശപൂരിതമാകും. തിരുവനന്തപുരം നഗരസഭയാണ് സ്മാർട്ട് സിറ്റി പദ്ധതിയിലുൾപ്പെടുത്തി അഞ്ചര കിലോമീറ്റർ ദൂരത്തിൽ റോഡിന്റെ മീഡിയനിൽ ലൈറ്റുകൾ സ്ഥാപിച്ച് സൗന്ദര്യവൽക്കരിച്ചത്. വെളിച്ചക്കുറവ് മൂലം നിരന്തരം അപകടങ്ങൾ നടക്കുന്നു എന്ന ജനങ്ങളുടെ പരാതിക്ക് ദേശീയപാത അധികൃതർ ചെവികൊടുക്കാതെ ഇരിക്കുമ്പോഴാണ് തിരുവനന്തപുരം നഗരസഭയും മേയർ ആര്യ രാജേന്ദ്രനും ജനാഭിലാഷം സാധ്യമാക്കിയത്.
4.94 കോടി രൂപയാണ് വിനിയോഗിച്ചത്. ഒമ്പതു മീറ്റർ ഉയരമുള്ള 184 തൂണിലായി പിയു കോട്ടഡ് വൈറ്റ് കോണിക്കൽ പോളുകളിൽ 170 വാട്‌സ് ന്യൂട്രൽ വൈറ്റ് ബൾബുകളാണുള്ളത്. 170 തൂണിൽ രണ്ടു ബൾബുവീതവും കരമനഭാഗത്ത് 14 തൂണിൽ ഓരോ ബൾബുവീതവും. മൂന്ന് സ്മാർട്ട് മോണിറ്ററിങ് പാനലും സ്ഥാപിച്ചിട്ടുണ്ട്. നേമം, കാരയ്ക്കാമണ്ഡപം, പാപ്പനംകോട് എന്നിവിടങ്ങളിലാണ് കൺട്രോൾ യൂണിറ്റുകളുള്ളത്.
ഇന്റർനെറ്റ് മുഖേന പ്രവർത്തനം നിയന്ത്രിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയിൽ പൂർത്തിയാക്കിയ കേരളത്തിലെ ആദ്യ പദ്ധതിയാണിത്. റോഡിന്റെ തിരക്കിനനുസൃതമായി വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ പ്രകാശം കൂട്ടാനും കുറയ്ക്കാനും സാധിക്കും. പ്രത്യേകം സിഗ്നലും സീബ്രാ ലൈനുകളും ഇല്ലാത്ത ഭാഗങ്ങളിൽ റോഡ് മുറിച്ച് കടക്കുന്നതിനെത്തുടർന്നുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി 4.75 കിലോമീറ്റർ നീളത്തിൽ ഇരുമ്പ് വേലി സ്ഥാപിച്ചിട്ടുണ്ട്. മഴക്കാലങ്ങളിൽ ഡിവൈഡറിൽ പാഴ്‌ച്ചെടികൾ വളർന്ന് വാഹന യാത്രക്കാർക്ക് കാഴ്ച മറയുന്നത് ഒഴിവാക്കുന്നതിനും മാലിന്യനിക്ഷേപം തടയുന്നതിനുമായി ജങ്‌ഷനുകളിലെല്ലാം 50 മീറ്റർ നീളത്തിൽ കോൺക്രീറ്റ് ചെയ്തിട്ടുണ്ട്. തെരുവ് വിളക്കുകൾ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനായി. മേയർ ആര്യ രാജേന്ദ്രൻ, ഡെപ്യൂട്ടി മേയർ പി കെ രാജു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേടയിൽ വിക്രമൻ, പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗം ചീഫ് എൻജിനിയർ എൽ ബീന, ദേശീയപാത വിഭാഗം ചീഫ് എൻജിനിയർ എം അൻസാർ എന്നിവർ സംസാരിച്ചു.