നഗരമാലിന്യ സംസ്‌കരണത്തിൽ സംസ്ഥാനം പുതിയ ചുവടുവയ്‌പ് നടത്തുകയാണെന്ന് മന്ത്രി എം ബി രാജേഷ്. ഇതിന് ഉദാഹരണമാണ് വേർതിരിക്കാനും പുനരുപയോഗിക്കാനും കഴിയാത്ത മാലിന്യങ്ങളുടെ സംസ്‌കരണം എളുപ്പത്തിലാക്കുന്ന ആർഡിഎഫ് പ്ലാന്റ്. ചാല സന്മതി പാർക്കിൽ സ്ഥാപിച്ച ആർഡിഎഫ് പ്ലാന്റിന്റെ ട്രയൽ റൺ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദിവസം ഒരു ടൺ മാലിന്യം സംസ്‌കരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. സ്‌മാർട്ട് സിറ്റി മിഷന്റെ നേതൃത്വത്തിൽ 1.80 കോടി ചെലവിലാണ് പ്ലാന്റ് സ്ഥാപിച്ചത്.
പുനരുപയോഗിക്കാനാവാത്ത മാലിന്യം സംസ്‌കരിച്ച് കൽക്കരിക്ക് പകരം ഉപയോഗിക്കുന്ന ‘ബ്രിക്കറ്റ്’ ആക്കി മാറ്റും. വേർതിരിക്കാനാകാത്ത മാലിന്യവും ഡയപ്പർ, പ്ലാസ്റ്റിക്, റെക്‌സിൻ, തെർമോക്കോൾ തുടങ്ങിയവയും ഹരിതകർമസേന ശേഖരിക്കുന്നവയിൽ റീസൈക്കിൾ ചെയ്യാനാകാത്തവയും സംസ്‌കരിച്ച് ഇന്ധനമാക്കും. പൈറോളിസിസ് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന പ്ലാന്റിൽ ഒരു സമയം 40 കിലോ മാലിന്യമിടാം. 15 മിനിറ്റിനുള്ളിൽ പൊടിച്ച് ബ്ലഫ് ആക്കി മാറ്റും. വായുമലിനീകരണത്തിനും അന്തരീക്ഷ താപനിലയുടെ വർധനവിനും കാരണമാകില്ല. ചെന്തിട്ട ഹെൽത്ത് സർക്കിളിലും പ്ലാന്റ് സ്ഥാപിക്കും. 24 ചതുരശ്ര അടി സ്ഥലത്ത് സ്ഥാപിക്കാവുന്ന മെഷീനാണിത്. സ്‌മാർട്ട് സിറ്റിയുടെ നേതൃത്വത്തിൽ ഹാബിറ്റാറ്റ് ഫോർ ഓൾ സംഘടനയുടെ സഹകരണത്തിലാണ് പ്ലാന്റ് സ്ഥാപിച്ചത്. മേയർ ആര്യ രാജേന്ദ്രൻ, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ ഗായത്രി ബാബു, കോർപറേഷൻ സെക്രട്ടറി എസ് ജഹാംഗീർ, സർക്കുലർ എക്കണോമി പോളിസി കൺസൽറ്റന്റ് ജി രേഷ്‌മ, സനീഷ് എന്നിവർ സംസാരിച്ചു.
Comments