പാതയോരങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ സംസ്ഥാനത്ത് കെൽട്രോൺ സ്ഥാപിച്ചത് അഞ്ഞൂറിലേറെ ക്യാമറ. 62 തദ്ദേശസ്ഥാപനങ്ങളിലാണ് കാമറ സ്ഥാപിച്ചിട്ടുള്ളത്. ഇതിൽനിന്നുള്ള ദൃശ്യങ്ങൾ ശേഖരിച്ച് ആളെ കണ്ടെത്തി തദ്ദേശസ്ഥാപനങ്ങൾ പിഴ ഈടാക്കുന്നുണ്ട്. കൂടുതൽ തദ്ദേശസ്ഥാപനങ്ങൾ കാമറ സ്ഥാപിക്കുന്നതിനായി സംസ്ഥാന വ്യവസായ വകുപ്പിനു കീഴിലുള്ള കെൽട്രോണിനെ സമീപിച്ചിട്ടുണ്ട്. കെൽട്രോണിന്റെ മൺവിളയിലെ യൂണിറ്റാണ് കാമറ നിർമിക്കുന്നത്.
ഓരോ പോയിന്റിലും വാഹനത്തിന്റെ നമ്പർ അടക്കമുള്ള ദൃശ്യങ്ങൾ ശേഖരിക്കുന്ന രണ്ടു കാമറയാണ് സ്ഥാപിക്കുന്നത്. വൈദ്യുതിയും ഇന്റർനെറ്റ് കണക്‌ഷനുമടക്കം ഓരോ യൂണിറ്റിലുമുണ്ടാകും. തദ്ദേശ സ്ഥാപനങ്ങളിലാണ് സ്‌റ്റോറേജ് സൗകര്യമൊരുക്കുന്നത്. ദൃശ്യങ്ങൾ തത്സമയം കാണാനുള്ള സൗകര്യവുമുണ്ട്. ഇതിനുപുറമെ തദ്ദേശ സ്ഥാപന സെക്രട്ടറി നിർദേശിക്കുന്നവർക്ക് മൊബൈൽ ഫോൺവഴി ദൃശ്യങ്ങൾ ലഭിക്കാനുള്ള സൗകര്യവുമൊരുക്കും. ശുചിത്വ മിഷൻ നിർദേശിക്കുന്ന സ്‌പെസിഫിക്കേഷനുള്ള കാമറകളാണ് സ്ഥാപിക്കുന്നത്. രാത്രിയിലും വ്യക്തമായ ദൃശ്യം ലഭിക്കും. യൂണിറ്റിന്റെ പരിപാലനവും ഒരുവർഷത്തെ അറ്റകുറ്റപ്പണിയുമടക്കം കെൽട്രോൺ നിർവഹിക്കും.
സ്ഥിരമായി മാലിന്യം തള്ളുന്ന വാഹനം പിടിയില്‍
തുടർച്ചയായി കക്കൂസ് മാലിന്യം പാതയോരങ്ങളിൽ തള്ളുന്ന വാഹനം കാമറയിൽ കുടുങ്ങി. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിൽ സ്ഥാപിച്ച കാമറയിൽ ഒരേ വാഹനം നിരവധി തവണ കുടുങ്ങി. വെഞ്ഞാറമൂട് മാണിക്കൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ മൂന്നു തവണ ഈ വാഹനത്തിലെത്തി മാലിന്യം തള്ളിയതിന്റെ ദൃശ്യം ലഭിക്കുകയും പിഴ ഈടാക്കുകയും ചെയ്‌തു. മറ്റു പല ഇടത്തും ഇതേ വാഹനത്തിൽ മാലിന്യം തള്ളുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം വർക്കല ചെറുന്നിയൂരിലും ഈ വാഹനത്തിലെത്തി മാലിന്യം പാതയോരത്ത് തള്ളി.