ഇൻസുലിൻ സിറിഞ്ചും കുട്ടികളുടെ ഡയപ്പറുമൊക്കെ എങ്ങനെ വീട്ടിൽ നിന്നൊഴിവാക്കാം എന്ന ചിന്ത ഇനി വേണ്ട. നഗരത്തിലെ ബയോ മെഡിക്കൽ മാലിന്യങ്ങൾ പെറുക്കാൻ ആക്രി ആപ് തയ്യാർ. വീട്ടിലെ അനാവശ്യവസ്തുക്കൾ ഒഴിവാക്കാൻ ആക്രി ആപ്പിന്റെ ബയോ മെഡിക്കൽ വേസ്റ്റ് എന്ന കാറ്റഗറിയിൽ ബുക്ക് ചെയ്താൽ മതിയാകും. അതേദിവസം കളക്‌ഷൻ എക്‌സിക്യൂട്ടീവ് വീട്ടിലെത്തി മാലിന്യം ശേഖരിക്കും. ഗൂഗിൾ പ്ലേ സ്റ്റോറിൽ ആപ് ലഭ്യമാണ്. ബയോ മെഡിക്കൽ മാലിന്യം ശേഖരിച്ച് കൃത്യമായി സംസ്‌കരിക്കുമെന്നതാണ് ആക്രിയെ പ്രിയപ്പെട്ടതാക്കുന്നത്. കൊച്ചിൻ കോർപറേഷൻ, തൃശൂർ കോർപറേഷൻ, കോഴിക്കോട് കോർപറേഷൻ എന്നിവിടങ്ങളിൽ പ്രവർത്തനം സജീവമാണ്. വീടുകൾക്കു പുറമെ ഫ്ലാറ്റുകൾ, അപ്പാർട്മെന്റുകൾ നഴ്‌സിങ് ഹോമുകൾ എന്നിവിടങ്ങളിൽനിന്നും ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിക്കുമെന്ന് ആക്രി ആപ് ജില്ലാ കോ–- ഓർഡിനേറ്റർ നിള പദ്മ പറഞ്ഞു. ശേഖരിക്കുന്ന മാലിന്യങ്ങൾ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ ബ്രഹ്മപുരത്തെ പ്ലാന്റിൽ ശാസ്ത്രീയമായി സംസ്‌കരിക്കും. വീടുകളിൽ കത്തിക്കുന്നതുപോലെയല്ല, ഇൻസിനറേറ്ററുകളിൽ മലിനീകരണമില്ലാതെ ശാസ്ത്രീയമായാണ് സംസ്കരണമെന്ന് അവർ പറഞ്ഞു. ആക്രിയെടുക്കുന്ന ബയോ മാലിന്യങ്ങൾ കുട്ടികളും മുതിർന്നവരും ഉപയോഗിച്ച ഡയപ്പറുകൾ, സാനിറ്ററി പാഡുകൾ, മെഡിസിൻ സ്ട്രിപ്പുകൾ, ഡ്രസിങ് കോട്ടൺ, സൂചിയോടുകൂടിയ സിറിഞ്ചുകൾ, സൂചി ടിപ് കട്ടറുകളിൽനിന്നോ ബർണറുകളിൽനിന്നോ ഉള്ള സൂചികൾ, കാലഹരണപ്പെട്ട മരുന്നുകൾ, ഗ്ലൗസ്, യൂറിൻ ബാഗുകൾ, സൂചികൾ ഇല്ലാത്തതും മുറിച്ചുമാറ്റിയതുമായ സിറിഞ്ചുകൾ, മറ്റ് ക്ലിനിക്കൽ ലബോറട്ടറി മാലിന്യങ്ങൾ.
App Link :
https://play.google.com/store/apps/details?id=com.aakri.aakri