മഴക്കെടുതി : നഗരസഭയുടെ സേവനം ഉറപ്പാക്കും – മേയര്‍ ആര്യ രാജേന്ദ്രൻ

തിരുവനന്തപുരം നഗരസഭ പരിധിയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ വെള്ളക്കെട്ട് നഗരസഭ ജീവനക്കാര്‍ ഇടപെട്ട് പരിഹരിക്കുകയും മരങ്ങള്‍ കടപുഴകിയുണ്ടായ മാര്‍ഗ്ഗതടസ്സങ്ങൾ നീക്കുകയും ചെയ്തതായി മേയർ ആര്യ രാജേന്ദ്രൻ അറിയിച്ചു. എസ്റ്റേറ്റ് വാർഡിലെ ഹൈസ്കൂള്‍ റോഡ്, കരിക്കകം വാർഡിലെ വെണ്‍പാലവട്ടം, പുഞ്ചക്കരി വാർഡിലെ മേനിലം എന്നീ സ്ഥലങ്ങളില്‍ നഗരസഭ ഇടപെട്ട് മഴമൂലം ഉണ്ടായ മാര്‍ഗ്ഗതടസ്സങ്ങൾ പൂര്‍ണമായി പരിഹരിച്ചിട്ടുള്ളതാണ്. മതിലിടിഞ്ഞ് വീണ് മാര്‍ഗ്ഗതടസ്സം ഉണ്ടായ തമ്പുരാന്‍മുക്ക്, പൂനംകുളം കള്ള്ഷാപ്പ് റോ‍ഡ്, തിരുവല്ലം കെ.എസ്.ഇ.ബി റോ‍‍ഡ്, ചെല്ലമംഗലം സൊസൈറ്റി റോഡ് എന്നിവിടങ്ങളിലെ തടസ്സങ്ങളും പരിഹരിച്ചിട്ടുണ്ട്. മരം കടപുഴകി വീണതുമായി ബന്ധപ്പെട്ട് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച പരാതികൾ എല്ലാം പൂർണ്ണമായി പരിഹരിച്ചിട്ടുണ്ട് എന്നും മേയർ വ്യക്തമാക്കി. നിലവില്‍ ചില സ്ഥലങ്ങളില്‍ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പമ്പ് സെറ്റ് ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് മാറ്റുന്ന പ്രവൃത്തി നടന്നുവരികയാണ്. ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്നും അടിയന്തിരഘട്ടങ്ങളില്‍ ജാഗ്രതയോടെ ഇടപെടണമെന്നും ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് മേയർ അറിയിച്ചു.

Comments
Spread the News