തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനെ വ്യക്തിഹത്യ ചെയ്ത് നടത്തിയ പ്രചാരണം തിരിച്ചടി ആയെന്ന് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. അതിരുവിട്ട ആക്രമണമാണ് മേയർക്ക് എതിരെ കഴിഞ്ഞ കുറെ ദിവസങ്ങളായി ബിജെപി ഐ ടി സെല്ലിനെ ഉപയോഗിച്ച് ജില്ലാ നേതൃത്വം നടത്തി വന്നിരുന്നത്. എന്നാൽ ഇത് ജനങ്ങൾക്കിടയിൽ പാർട്ടിയെ കുറിച്ച് വലിയ അവമതിപ്പ് ഉണ്ടാക്കിയെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. ആര്യ രാജേന്ദ്രനെതിരെ ബിജെപി തുടങ്ങി വച്ച വ്യക്തിഹത്യ അവരുടെ കുടുംബാംഗങ്ങൾക്ക് നേരെയും ഒടുവിൽ കുഞ്ഞിന് നേരെയും വരെ നീണ്ടിരിന്നു. ആര്യയുടെ സാമൂഹ്യമാധ്യമ അക്കൗണ്ടുകളിൽ അങ്ങേയറ്റം മോശമായ കമന്റുകൾ കൊണ്ട് നിറയ്ക്കുന്ന രീതിയാണ് ബിജെപി പിന്തുടരുന്നത്. എന്നാൽ ഇതിൽ ഭൂരിപക്ഷം പ്രൊഫൈലുകളും വ്യാജം ആണെന്നതും കമന്റിടുന്ന ഒർജിനൽ പ്രൊഫൈലുകൾ എല്ലാം മലബാർ ഭാഗത്ത് നിന്നുള്ളതാണെന്നതും തിരുവനന്തപുരം നഗരത്തിനുള്ളിൽ നിന്നുള്ള ഒരാളും ഇതിലില്ല എന്നുള്ളതും കോർപറേഷൻ പ്രദേശത്ത് മേയർ ആര്യ രാജേന്ദ്രന്റെ പിന്തുണ തെളിയിക്കുന്നതാണെന്നാണ് ബിജെപി നേതാക്കൾ തന്നെ ഇപ്പോൾ വിലയിരുത്തുന്നത്. കടുത്ത ആക്രമണം ഉണ്ടായാൽ ആര്യ സ്വയം രാജിവച്ച് ഒഴിയുമെന്നായിരുന്നു ജില്ല നേതാക്കളുടെ കണക്ക് കൂട്ടൽ. എന്നാൽ ഇതൊന്നും കൂസാതെയുള്ള ആര്യ രാജേന്ദ്രന്റെ പ്രവർത്തനം ബിജെപി ജില്ലാ നേതാക്കളെ കെണിയിലാക്കിയിരിക്കുകയാണ്. ജില്ല പ്രസിഡന്റ് വി വി രാജേഷ് കൗൺസിലർ ആണെങ്കിലും ഇന്ന് വരെ ഒരൊറ്റ കൗൺസിൽ യോഗത്തിലും പൂർണ്ണമായി പങ്കെടുത്തില്ല. ഹാജർ വച്ച ശേഷം ഇറങ്ങി പോകുന്നതാണ് പതിവ്. ആര്യയെ അഭിമുഖീകരിക്കാനുള്ള മടികൊണ്ടാണ് രാജേഷ് ഇങ്ങനെ ചെയ്യുന്നത് എന്നാണ് കൗൺസിലർമാർ പറയുന്നത്. നെടുംകാട് വാർഡ് കൗൺസിലർ അജിത്ത് ഒരു ഓൺലൈൻ വാർത്ത ടീമിനെ ഉപയോഗിച്ച് കുറെ നാളായി ആര്യയ്ക്ക് എതിരെ വാർത്തകൾ മെനയുന്നുണ്ട്. അതും വേണ്ടത്ര ഏശിയിട്ടില്ല. കഴിഞ്ഞ ദിവസം ഉടൻ പുതിയ മേയർ വരുമെന്ന് അജിത്ത് പ്രഖ്യാപിച്ചിരുന്നു. അത് ഈ ആക്രമണങ്ങളിൽ പേടിച്ച് ആര്യ രാജിവയ്ക്കും എന്ന ബിജെപിയുടെ കണക്ക് കൂട്ടലിന്റെ അടിസ്ഥാനത്തിലായിരുന്നു എന്നാണ് റിപ്പോർട്ട്. പക്ഷെ മഴയുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളിൽ ആര്യ സജീവമായി രംഗത്ത് എത്തിയതോടെ ബിജെപി നേതാക്കൾ ആകെ നിരാശയിലാണ്. എല്ലാ അടവും പരാജയപ്പെട്ടതോടെ ഇപ്പോൾ മേയറുടെ രാജി ആവശ്യപ്പെട്ട് രാഷ്ട്രീയ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി. ശനിയാഴ്ച നഗരസഭയിലേക്ക് മാർച്ച് നടത്തുമെന്നാണ് പ്രഖ്യാപനം. കഴിഞ്ഞ തവണ നടത്തിയ സമരത്തിൽ ആര്യ രാജേന്ദ്രനെ വ്യക്തിപരമായി അധിക്ഷേപിക്കാൻ മാത്രമാണ് പ്രസംഗിച്ച ബിജെപി നേതാക്കളുടെ മുഴുവൻ ശ്രമവും. ഇതോടെ എൽഡിഎഫിന്റെ പ്രതികരണം ഇക്കാര്യത്തിൽ ഉടനുണ്ടാകുമെന്നാണ് കരുതുന്നത്. ബിജെപിയുടെ രാഷ്ട്രീയ വെല്ലുവിളിയെ എൽഡിഎഫ് എങ്ങനെ നേരിടുമെന്നാണ് നഗരവാസികൾ ഉറ്റുനോക്കുന്നത്.
മേയർക്ക് എതിരെയുള്ള വ്യക്തിഹത്യ തിരിച്ചടി ആയെന്ന് വിലയിരുത്തൽ ; രാഷ്ട്രീയ സമരം പ്രഖ്യാപിച്ച് ബിജെപി
Comments