മേയർ ആര്യ രാജേന്ദ്രനെതിരെ അശ്ലീല ആംഗ്യം കാണിച്ച കേസിൽ കെഎസ്ആർടിസി ഡ്രൈവർ യദുവിന്റെ മൊഴികളിൽ വൈരുധ്യമുണ്ടെന്ന് പൊലീസ്. ഇതോടെ യദുവിനെ പൊലീസ് വീണ്ടും ചോദ്യം ചെയ്തു. കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായതിൽ അന്വേഷണം വീണ്ടും യദുവിലേക്ക് നീളുന്നെന്നാണ് സൂചന. ബസിൽ യദു കയറി മെമ്മറി കാർഡ് മോഷ്ടിച്ചോയെന്ന സംശയവും പൊലീസിനുണ്ട്. സിസിടിവി ദൃശ്യങ്ങൾ പ്രകാരമായിരുന്നു വെള്ളിയാഴ്ചത്തെ ചോദ്യം ചെയ്യൽ. സംഭവദിവസവും പിറ്റേന്നും യദു കെഎസ്‌ആർടിസി ബസിനു സമീപത്ത് എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പാളയത്തുവച്ച് ബസിൽനിന്ന് ഇറങ്ങിയെന്നും വീണ്ടും കയറിയെന്നും യദു മുമ്പ് ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നാണ് പൊലീസ് പറയുന്നത്. ജാമ്യം കിട്ടിയശേഷം 29ന് യദു തമ്പാനൂർ ഡിപ്പോയിലെത്തിയെന്നും ബസിനടുത്ത് കണ്ടതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നേരത്തേ പറഞ്ഞ പല കാര്യങ്ങളിലും വൈരുധ്യമുണ്ടെന്നും ഇതോടെയാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നും ഡിസിപി പി നിധിൻ രാജ് പറഞ്ഞു. വരും ദിവസങ്ങളിൽ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നാണ് വിവരം.
ശനിയാഴ്ച കെഎസ്‌ആർടിസി കണ്ടക്ടർ സുബിന്റെയും സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിന്റെയും മൊഴിയെടുത്തു. മെമ്മറി കാർഡ് കാണാതായതുമായി ബന്ധപ്പെട്ട് ഡ്രൈവർ യദു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും മൊഴിയെടുത്തത്. അതേസമയം, തന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെന്ന യദുവിന്റെ പരാതി നിലനിൽക്കില്ലെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മേയർക്കും എംഎൽഎക്കും കുടുംബാംഗങ്ങൾക്കും എതിരെ ചുമത്തിയ ഐപിസി 353–-ാം വകുപ്പ് പ്രകാരമുള്ള കുറ്റങ്ങൾ പൊലീസ് നീക്കം ചെയ്‌തേക്കും.